Wednesday, June 15, 2011

നവിധി എന്ന വാക്കിന്റെ അര്‍ത്ഥം ഏറ്റവും മൂര്‍ത്തമായി പ്രകടമായത് ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പി ലായിരിക്കും. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഓരോ മുന്നണിയെയായി ജയിപ്പിച്ചു വിടുന്ന ജനങ്ങള്‍ ഇത്തവണ ഒന്നു മാറിച്ചിന്തിച്ചു. ആരു വന്നാലെന്ത് എന്ന നിസ്സംഗ ഭാവത്തിനു പകരം രാഷ്ട്രീയവും സാമൂഹികവുമായ ചലനങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കാന്‍ തുടങ്ങി അവര്‍. ഈ മാറ്റത്തിന്റെ ഒത്സുക്യം തന്നെയാണ് ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തില്‍ പ്രകടമായതും. ബംഗാളില്‍ ഭരണ വിരുദ്ധ വികാരം മമതാ ബാനര്‍ജിക്ക് വന്‍ ഭൂരിപക്ഷമായപ്പോള്‍ യു ഡി എഫിന് മൂന്നു സീറ്റുകളുടെ ഭൂരിപക്ഷം കിട്ടിയത് ജനതയുടെ ചിന്തയുടെ തിളക്കം തന്നെയാണു കാണിക്കുന്നത്. പൊതുജനം കഴുതയാണെന്ന വാദം ഇനിയെങ്കിലും തിരുത്തുമോ?

Wednesday, May 18, 2011

saikatham April 2011


ഒരു തെരഞ്ഞെടുപ്പിനു കൂടി കളമൊരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 140 മണ്ഡലങ്ങളില്‍ 127 മണ്ഡലങ്ങളിലും വനിതാ വോട്ടര്‍മാര്‍ക്കാണ് മുന്‍തൂക്കം. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നതില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ പങ്ക് വഹിക്കാനുള്ളത് സ്ത്രീകള്‍ക്കാണ്. കേരളത്തിലെ സ്ത്രീകള്‍ക്ക് പൊതുവായ ഒരു രാഷ്ട്രീയ വീക്ഷണവും അതിന് അനുസരിച്ച സ്ഥാനാര്‍ത്ഥികളുമുണ്ടെങ്കില്‍ രണ്ടാമതൊരു ചിന്ത ആവശ്യമില്ലാത്ത വിധം ഭരണം അവരുടെ കൈകളിലാകുമെന്നതാണ് സത്യം. ഇതിനെ ഒരു ഉട്ടോപ്യന്‍ ചിന്തയായി മാറ്റി നിര്‍ത്താം. പക്ഷേ ഇത്രയും വലിയ വനിതാ സമൂഹത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് മത്സരിക്കാനെ ത്തുന്നതാകട്ടേ, വിരലിലെണ്ണാവുന്നവര്‍ മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 50 ശതമാനം വനിതാ സംവരണം വന്നതു കൊണ്ടുള്ള അടിത്തട്ടില്‍ നിന്നുള്ള മാറ്റങ്ങള്‍ പതിയെയെങ്കിലും പ്രകടമാകുന്ന സാഹചര്യത്തില്‍ പതിവു ബലതന്ത്രങ്ങളില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ കക്ഷികള്‍ തയാറാകുമെന്ന പ്രതീക്ഷയും പാഴായി. ഒരു വനിതയെ പോലും മത്സര രംഗത്തു കൊണ്ടു വരാത്ത പാര്‍ട്ടികളുമുണ്ടെന്നത് ശ്രദ്ധേയം. കണ്ണുമടച്ച് വോട്ടു ചെയ്യാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ പോലും ഒരു രാഷ്ട്രീയ കക്ഷിയും ഇത്തവണ നല്‍കിയിട്ടില്ല. സ്ത്രീകളുടെ സുരക്ഷയും സാമൂഹ്യ തുല്യതയും ഉറപ്പു വരുത്തുന്നത് ഇത്തവണയും ഒരു പാര്‍ട്ടിയുടേയും നയമല്ല. വോട്ടു ചെയ്ത ശേഷം വീട്ടില്‍ പോയി സ്വസ്ഥരായിരുന്നതു കൊണ്ട് ഒന്നും പൂര്‍ത്തിയാകുന്നില്ല. ഒരു വ്യക്തിയും ജനാധിപത്യ പ്രക്രിയയുടെ ഭാഗവുമെന്ന നിലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന, ജാഗരൂക രായിരിക്കുന്ന വിവേകത്തിനു നല്‍കാം ഇത്തവണത്തെ വോട്ട്. ഒരു ചാലകശക്തിയായി സ്വയം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന ആത്മാഭിമാനത്തിനും ആത്മവിശ്വാസത്തിനും വോട്ടു നല്‍കാം. അന്തിമമായി വിജയിക്കേണ്ടത് അവ തന്നെയാണല്ലോ.

Monday, April 11, 2011

saikatham March 2011


 ഈ തിരഞ്ഞെടുപ്പിലും പതിവു കോലാഹലങ്ങള്‍ ആരംഭിച്ചിരിക്കുന്നു. സീറ്റ് വീതം വയ്പും പിണങ്ങി പോക്കും ഒത്തു തീര്‍പ്പും. എന്തിനു വേണ്ടി ആര്‍ക്കു വേണ്ടിയാണ് ഈ രാഷ്ട്രീയ ശക്തികള്‍ ഇത്തരം കോപ്രായങ്ങള്‍ അരങ്ങ് തകര്‍ക്കുന്നത്? ജനക്ഷേമത്തിന് വേണ്ടി ഒരു രാഷ്ട്രീയ നേതാവും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല മറിച്ച് പാര്‍ട്ടിയുടേയൊ സ്വന്തമായി തന്നെയൊ നേതാവ് ചമയുന്നതിനും വരുന്ന അഞ്ചു വര്‍ഷത്തെക്ക് തനിക്ക് എന്ത് ലാഭമുണ്ടാക്കാമെന്നുമുള്ള കോര്‍പ്പറേറ്റ് ചിന്താഗതിയാണ് സീറ്റു വീതം വയ്ക്കുന്നതിന്റെ പ്രധാന പരിഗണനകള്‍. രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും സ്വ ക്ഷേമത്തിന് മുന്‍ തൂക്കം കൊടുക്കുകയും അതില്‍ ജാതിയും മതവും തിരിച്ച് നിറം കലര്‍ത്തി സാധാരണക്കാരന്റെ മുതല്‍ കൊള്ളയടിക്കുവാനും വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നു. അനുയായികളെ ദൈവ വിശ്വാസം പഠിപ്പിക്കേണ്ട മത മേലദ്ധ്യക്ഷന്മാര്‍ വരെ രാഷ്ട്രീയത്തില്‍ വില പേശുന്നു. പണ്ടൊക്കെ ഏതെങ്കിലും പുരസ്കാരദാനത്തിനാണ് ‘കോടി’ എന്ന പദം കേള്‍ക്കുക. എന്നാലിന്ന് കോടികളുടെ അഴിമതിയില്‍ കുറഞ്ഞതൊന്നും രാഷ്ട്രീയ ശക്തികള്‍ക്ക് പറയാനില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേള്‍ക്കുന്നതാണ് പ്രവാസി വോട്ട്.  സുതാര്യമായ ഒരു നിലപാടും നിയമങ്ങളുമില്ലാതെ പ്രവാസി വോട്ട് ഇന്നും മരീചിക തന്നെയാണ്. പുതിയ പ്രഖ്യാപനങ്ങള്‍ വരുന്നു.  പ്രവാസി എം.എല്‍.എ. ഇന്ത്യന്‍ ജനാധിപത്യം വെള്ളരിക്ക പട്ടണങ്ങളാക്കി മാറ്റുകയാണ് രാഷ്ട്രീയ ഇച്ഛാശക്തിയില്ലാ‍ത്ത ഒരു പറ്റം രാഷ്ട്രീയ നപുംസകങ്ങള്‍. അതുകൊണ്ട് തന്നെ വിവേക പൂര്‍ണ്ണമായ ഒരു ഭരണ സംവിധാനത്തിനാകട്ടെ ഇത്തവണത്തെ വോട്ട്. 

Thursday, March 10, 2011


saikatham February 2011

എല്ലാം മറക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു നമ്മള്‍. അല്ലെങ്കില്‍ നമ്മെക്കൊണ്ട്  ആരൊക്കെയോ ഭരണകൂടത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങള്‍ ബോധപൂര്‍വം ഓര്‍മിപ്പിക്കാതിരിക്കുന്നു. അങ്ങനെ 'സ്വ'ബോധമുള്ള അള്‍ഷിമേഴ്‌സ് രോഗികളായിത്തീര്‍ന്നിരിക്കുന്നു നമ്മള്‍. ലാവ്‌ലിന്‍, ശബരിമല, ജസ്റ്റിസ് ബാലകൃഷ്ണന്‍ തുടങ്ങി ഇന്ത്യയുടെ ജി.ഡി.പിയുടെ പകുതിയോളം വരുന്ന 22,50,000 കോടി രൂപ വിദേശ ബാങ്കുകളിലേക്ക് കട്ടുകടത്തിയതുവരെ നമ്മള്‍ മറന്നിരിക്കുന്നു. അഥവാ ഐസ്‌ക്രീമിന്റെ പതച്ചലില്‍ ഇപ്പോള്‍ എല്ലാം മരവിച്ചിരിക്കുന്നു. ഒരു മാസത്തിനുള്ളില്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സംഭവങ്ങള്‍ മാത്രമാണ് ഇത്. ഇതിന്റെ നൂറിരട്ടിയാണ് നമ്മുടെ മുന്നിലേക്ക് വരാത്ത വാര്‍ത്തകള്‍. തുടര്‍‌സ്റ്റോറികള്‍ക്ക് പത്രപ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ലാതായിരിക്കുന്നു. അന്നന്നത്തെ അന്നം ഏറ്റവും നന്നായി വിഭവസമൃദ്ധമാക്കുക എന്നതായിരിക്കുന്നു മാധ്യമശൈലി. ഇതൊരു ആഗോളമുതലാളിത്തത്തിന്റെ തന്ത്രമാണ്. ജനം കൃത്യമായ ഓര്‍മകള്‍ സൂക്ഷിച്ചിരിക്കുന്നവരാണെങ്കില്‍ ഒരു തിരഞ്ഞെടുപ്പിലും തൊണ്ണൂറ്റി ഒന്‍പതു ശതമാനം നേതാക്കള്‍ക്കും വോട്ടര്‍ഭ്യര്‍ഥനയുമായി നമ്മുടെ മുന്നിലേക്ക് വരാന്‍  ധൈര്യമുണ്ടാകില്ല. നമ്മള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ സമ്പത്തുകള്‍ സ്വിസ് ബാങ്കുകളിലേക്കു ഇനിയും ഒഴുകും. വിധികളെ അവിശ്വസിക്കേണ്ടിവരും. ഹസന്‍ അലി ഖാന്‍മാരെക്കൊണ്ട് ഇന്ത്യ നിറയും. അപ്പോഴും പട്ടിണി മരണം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇനിയെങ്കിലും നമ്മള്‍ അങ്ങനെ എല്ലാം മറന്നുകൂടാ. ഓര്‍മകള്‍ ഉണ്ടായിരുന്നാല്‍ മാത്രമേ ഭരണകൂടത്തിന് നേരെ ഒരു ചോദ്യത്തിനു പോലും വകയുള്ളൂ എന്ന കാര്യം നാം  പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

Friday, February 4, 2011

Saikatham Online Magazine January 2011

എന്താണ് മനുഷ്യന് ഭക്ഷിക്കാന്‍ ശുദ്ധമായിട്ടുള്ളത്? ഈ ചോദ്യത്തിന്റെ ഉത്തരം ഒന്നുമില്ല എന്നു തന്നെയാണ്. കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു, കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ തുടങ്ങി എന്തിലും ഏതിലും മനുഷ്യന്റെ അത്യാഗ്രഹം അതിന്റെ പല്ലും നഖവുമായി മനുഷ്യനെതന്നെ കടിച്ചുകീറാന്‍ തുടങ്ങിയിരിക്കുന്നു. കാസർകോട്ടെ എന്റോസള്‍ഫാന്‍ മാത്രമല്ല മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുന്നത്. വയനാട്ടിലെ വാഴകൃഷിയും കോട്ടയത്തെ റബ്ബര്‍ കൃഷിയും എന്തിന് മേട്ടുപ്പാളയത്തില്‍ നിന്നുവരുന്ന കറിവേപ്പില വരെ മനുഷ്യനെ കൊന്നെടുക്കാന്‍ തയ്യാറെടുക്കുകയാണ്. ലാഭത്തിനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനം തങ്ങളുടെ തന്നെ മരണത്തിലേക്ക് നീങ്ങുന്ന വിവരം കൃഷിക്കാര്‍ അറിയാന്‍ തുടങ്ങിയെങ്കിലും അതത്ര ഗൗരവമായി അവര്‍ കാണുന്നില്ല. മരണത്തേക്കാള്‍ വലുത് ലാഭമാകുമ്പോള്‍ അവന്റെ മണ്ടയില്‍ മറ്റൊന്നും കടക്കുന്നില്ല. ജനങ്ങളുടെ വോട്ടില്‍ സുഖജീവിതം നയിക്കുന്നവര്‍ക്ക് എന്തും പറയാം. അവര്‍ക്ക് കഴിക്കാന്‍ കരിമീനും കുടിക്കാന്‍ അക്വാഫിന വെള്ളവും കിട്ടും. എന്നാല്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത ഒരുപാട് ജീവിതങ്ങള്‍ ഈ മേഖലകളില്‍ ദൂരിതമനുഭവിച്ച്, ആത്മഹത്യ ചെയ്യാന്‍ പേടിയുള്ളതുകൊണ്ട് മാത്രം ജീവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി സൈകതത്തിന്റെ ഈ ലക്കം സമര്‍പ്പിക്കുന്നു.




  th