Wednesday, May 18, 2011

saikatham April 2011


ഒരു തെരഞ്ഞെടുപ്പിനു കൂടി കളമൊരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 140 മണ്ഡലങ്ങളില്‍ 127 മണ്ഡലങ്ങളിലും വനിതാ വോട്ടര്‍മാര്‍ക്കാണ് മുന്‍തൂക്കം. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നതില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ പങ്ക് വഹിക്കാനുള്ളത് സ്ത്രീകള്‍ക്കാണ്. കേരളത്തിലെ സ്ത്രീകള്‍ക്ക് പൊതുവായ ഒരു രാഷ്ട്രീയ വീക്ഷണവും അതിന് അനുസരിച്ച സ്ഥാനാര്‍ത്ഥികളുമുണ്ടെങ്കില്‍ രണ്ടാമതൊരു ചിന്ത ആവശ്യമില്ലാത്ത വിധം ഭരണം അവരുടെ കൈകളിലാകുമെന്നതാണ് സത്യം. ഇതിനെ ഒരു ഉട്ടോപ്യന്‍ ചിന്തയായി മാറ്റി നിര്‍ത്താം. പക്ഷേ ഇത്രയും വലിയ വനിതാ സമൂഹത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് മത്സരിക്കാനെ ത്തുന്നതാകട്ടേ, വിരലിലെണ്ണാവുന്നവര്‍ മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 50 ശതമാനം വനിതാ സംവരണം വന്നതു കൊണ്ടുള്ള അടിത്തട്ടില്‍ നിന്നുള്ള മാറ്റങ്ങള്‍ പതിയെയെങ്കിലും പ്രകടമാകുന്ന സാഹചര്യത്തില്‍ പതിവു ബലതന്ത്രങ്ങളില്‍ നിന്ന് മാറിച്ചിന്തിക്കാന്‍ കക്ഷികള്‍ തയാറാകുമെന്ന പ്രതീക്ഷയും പാഴായി. ഒരു വനിതയെ പോലും മത്സര രംഗത്തു കൊണ്ടു വരാത്ത പാര്‍ട്ടികളുമുണ്ടെന്നത് ശ്രദ്ധേയം. കണ്ണുമടച്ച് വോട്ടു ചെയ്യാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ പോലും ഒരു രാഷ്ട്രീയ കക്ഷിയും ഇത്തവണ നല്‍കിയിട്ടില്ല. സ്ത്രീകളുടെ സുരക്ഷയും സാമൂഹ്യ തുല്യതയും ഉറപ്പു വരുത്തുന്നത് ഇത്തവണയും ഒരു പാര്‍ട്ടിയുടേയും നയമല്ല. വോട്ടു ചെയ്ത ശേഷം വീട്ടില്‍ പോയി സ്വസ്ഥരായിരുന്നതു കൊണ്ട് ഒന്നും പൂര്‍ത്തിയാകുന്നില്ല. ഒരു വ്യക്തിയും ജനാധിപത്യ പ്രക്രിയയുടെ ഭാഗവുമെന്ന നിലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന, ജാഗരൂക രായിരിക്കുന്ന വിവേകത്തിനു നല്‍കാം ഇത്തവണത്തെ വോട്ട്. ഒരു ചാലകശക്തിയായി സ്വയം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന ആത്മാഭിമാനത്തിനും ആത്മവിശ്വാസത്തിനും വോട്ടു നല്‍കാം. അന്തിമമായി വിജയിക്കേണ്ടത് അവ തന്നെയാണല്ലോ.

No comments:

Post a Comment