Monday, April 11, 2011

saikatham March 2011


 ഈ തിരഞ്ഞെടുപ്പിലും പതിവു കോലാഹലങ്ങള്‍ ആരംഭിച്ചിരിക്കുന്നു. സീറ്റ് വീതം വയ്പും പിണങ്ങി പോക്കും ഒത്തു തീര്‍പ്പും. എന്തിനു വേണ്ടി ആര്‍ക്കു വേണ്ടിയാണ് ഈ രാഷ്ട്രീയ ശക്തികള്‍ ഇത്തരം കോപ്രായങ്ങള്‍ അരങ്ങ് തകര്‍ക്കുന്നത്? ജനക്ഷേമത്തിന് വേണ്ടി ഒരു രാഷ്ട്രീയ നേതാവും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല മറിച്ച് പാര്‍ട്ടിയുടേയൊ സ്വന്തമായി തന്നെയൊ നേതാവ് ചമയുന്നതിനും വരുന്ന അഞ്ചു വര്‍ഷത്തെക്ക് തനിക്ക് എന്ത് ലാഭമുണ്ടാക്കാമെന്നുമുള്ള കോര്‍പ്പറേറ്റ് ചിന്താഗതിയാണ് സീറ്റു വീതം വയ്ക്കുന്നതിന്റെ പ്രധാന പരിഗണനകള്‍. രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും സ്വ ക്ഷേമത്തിന് മുന്‍ തൂക്കം കൊടുക്കുകയും അതില്‍ ജാതിയും മതവും തിരിച്ച് നിറം കലര്‍ത്തി സാധാരണക്കാരന്റെ മുതല്‍ കൊള്ളയടിക്കുവാനും വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നു. അനുയായികളെ ദൈവ വിശ്വാസം പഠിപ്പിക്കേണ്ട മത മേലദ്ധ്യക്ഷന്മാര്‍ വരെ രാഷ്ട്രീയത്തില്‍ വില പേശുന്നു. പണ്ടൊക്കെ ഏതെങ്കിലും പുരസ്കാരദാനത്തിനാണ് ‘കോടി’ എന്ന പദം കേള്‍ക്കുക. എന്നാലിന്ന് കോടികളുടെ അഴിമതിയില്‍ കുറഞ്ഞതൊന്നും രാഷ്ട്രീയ ശക്തികള്‍ക്ക് പറയാനില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേള്‍ക്കുന്നതാണ് പ്രവാസി വോട്ട്.  സുതാര്യമായ ഒരു നിലപാടും നിയമങ്ങളുമില്ലാതെ പ്രവാസി വോട്ട് ഇന്നും മരീചിക തന്നെയാണ്. പുതിയ പ്രഖ്യാപനങ്ങള്‍ വരുന്നു.  പ്രവാസി എം.എല്‍.എ. ഇന്ത്യന്‍ ജനാധിപത്യം വെള്ളരിക്ക പട്ടണങ്ങളാക്കി മാറ്റുകയാണ് രാഷ്ട്രീയ ഇച്ഛാശക്തിയില്ലാ‍ത്ത ഒരു പറ്റം രാഷ്ട്രീയ നപുംസകങ്ങള്‍. അതുകൊണ്ട് തന്നെ വിവേക പൂര്‍ണ്ണമായ ഒരു ഭരണ സംവിധാനത്തിനാകട്ടെ ഇത്തവണത്തെ വോട്ട്.