Wednesday, August 11, 2010


Saikatham August 2010


 
"കൈകളില്ലാത്തവന്‍ എങ്ങനെ ആഹാരം കഴിക്കുമെന്നോര്‍ത്തല്ല അവനിനിയെങ്ങനെ ആയുധമുപയോഗിക്കും എന്നോര്‍ത്താണ് എന്റെ ദു:ഖം"  ഇതൊരു കവിതയാണ്. ഏതൊരു നല്ല  കവിതയും ജീവിതത്തിന്റെ ഏതെങ്കിലുമൊരു അനുഭവത്തില്‍ നിന്നാണ് പലപ്പോഴും ഉരുത്തിരിയുന്നത് . കവിതയെക്കുക്കുറിച്ച് പറയാനല്ല, മുകളില്‍ ഒരു കവിത കുറിച്ചത്. മറിച്ച് ഒരു മനുഷ്യന്റെ കൈ എങ്ങനെയാണ് ആയുധത്തിന് ഇരയാവുന്നത് എന്ന് സൂചിപ്പിക്കാനാണ്. ഇപ്പോള്‍ തീര്‍ച്ചയായും ആ വരികള്‍ എഴുതിയ കവി ദുഖിക്കുന്നുണ്ടാവണം. കൈകള്‍ ഛേദിക്കപ്പെട്ട മനുഷ്യന്‍ ഇനിയെങ്ങനെ ആഹാരം കഴിക്കുമെന്നോര്‍ത്ത് ആ കവി ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാകണം, തീര്‍ച്ച. കുറ്റം ചെയ്ത അവയവം ഛേദിക്കുക എന്നത് ഒരു ജനാധിപത്യരാജ്യത്തിനും, എന്തിന് ഒരു വേടനുപോലും യോജിച്ചതല്ല. മനസ്സിലെ കാടത്തത്തിന്റെ ഏറ്റവും നീചമായ രൂപമാണത്. ഒരു കിളി അമ്പേറ്റ് പിടഞ്ഞപ്പോള്‍ ഹൃദയം നൊന്ത ആദര്‍ശം പാഠപുസ്തകങ്ങളില്‍ നിന്ന് ഇപ്പോഴും നിശബ്ദമായും, ചിലപ്പോള്‍ നിലവിളിയായും ഉയരുന്നുണ്ട്. എന്നാല്‍ നമ്മുടെ കാതുകള്‍ ബധിരങ്ങളായിരിക്കുന്നു. ഉത്തരം പറയുന്നത് ആയുധങ്ങളാകുമ്പോള്‍ നഷ്ടപ്പെടുന്നത് സംവാദത്തിനുള്ള ഇടങ്ങളാണ്. ഒരു വാക്ക് കൊണ്ട് ചീത്തയാകുന്നതല്ല, ഒരു സമൂഹവും. അതിനെ തിരിച്ചറിയാനും ചീത്തയാണെങ്കില്‍ തിരുത്താനുമാണ് എല്ലാ ഗ്രന്ഥങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത്.