Thursday, March 10, 2011

saikatham February 2011

എല്ലാം മറക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു നമ്മള്‍. അല്ലെങ്കില്‍ നമ്മെക്കൊണ്ട്  ആരൊക്കെയോ ഭരണകൂടത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങള്‍ ബോധപൂര്‍വം ഓര്‍മിപ്പിക്കാതിരിക്കുന്നു. അങ്ങനെ 'സ്വ'ബോധമുള്ള അള്‍ഷിമേഴ്‌സ് രോഗികളായിത്തീര്‍ന്നിരിക്കുന്നു നമ്മള്‍. ലാവ്‌ലിന്‍, ശബരിമല, ജസ്റ്റിസ് ബാലകൃഷ്ണന്‍ തുടങ്ങി ഇന്ത്യയുടെ ജി.ഡി.പിയുടെ പകുതിയോളം വരുന്ന 22,50,000 കോടി രൂപ വിദേശ ബാങ്കുകളിലേക്ക് കട്ടുകടത്തിയതുവരെ നമ്മള്‍ മറന്നിരിക്കുന്നു. അഥവാ ഐസ്‌ക്രീമിന്റെ പതച്ചലില്‍ ഇപ്പോള്‍ എല്ലാം മരവിച്ചിരിക്കുന്നു. ഒരു മാസത്തിനുള്ളില്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സംഭവങ്ങള്‍ മാത്രമാണ് ഇത്. ഇതിന്റെ നൂറിരട്ടിയാണ് നമ്മുടെ മുന്നിലേക്ക് വരാത്ത വാര്‍ത്തകള്‍. തുടര്‍‌സ്റ്റോറികള്‍ക്ക് പത്രപ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ലാതായിരിക്കുന്നു. അന്നന്നത്തെ അന്നം ഏറ്റവും നന്നായി വിഭവസമൃദ്ധമാക്കുക എന്നതായിരിക്കുന്നു മാധ്യമശൈലി. ഇതൊരു ആഗോളമുതലാളിത്തത്തിന്റെ തന്ത്രമാണ്. ജനം കൃത്യമായ ഓര്‍മകള്‍ സൂക്ഷിച്ചിരിക്കുന്നവരാണെങ്കില്‍ ഒരു തിരഞ്ഞെടുപ്പിലും തൊണ്ണൂറ്റി ഒന്‍പതു ശതമാനം നേതാക്കള്‍ക്കും വോട്ടര്‍ഭ്യര്‍ഥനയുമായി നമ്മുടെ മുന്നിലേക്ക് വരാന്‍  ധൈര്യമുണ്ടാകില്ല. നമ്മള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ സമ്പത്തുകള്‍ സ്വിസ് ബാങ്കുകളിലേക്കു ഇനിയും ഒഴുകും. വിധികളെ അവിശ്വസിക്കേണ്ടിവരും. ഹസന്‍ അലി ഖാന്‍മാരെക്കൊണ്ട് ഇന്ത്യ നിറയും. അപ്പോഴും പട്ടിണി മരണം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇനിയെങ്കിലും നമ്മള്‍ അങ്ങനെ എല്ലാം മറന്നുകൂടാ. ഓര്‍മകള്‍ ഉണ്ടായിരുന്നാല്‍ മാത്രമേ ഭരണകൂടത്തിന് നേരെ ഒരു ചോദ്യത്തിനു പോലും വകയുള്ളൂ എന്ന കാര്യം നാം  പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

No comments:

Post a Comment