Wednesday, June 16, 2010

Saikatham June 2010 Amukham


 സാംസ്‌കാരികമായി നോക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള സംസ്ഥാനങ്ങളില്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കും കേരളം. ഉയര്‍ന്ന സാക്ഷരതാ നിരക്കും സമ്പന്നമായ സാഹിത്യ സംസ്‌കാരവും ആരോഗ്യകരമായ ജനാധിപത്യ സംവിധാനവും മുഖമുദ്രയായിരുന്ന നമ്മുടെ സംസ്ഥാനത്തിന് ഭാവിയില്‍ അസഹിഷ്ണുതയുടെ തലസ്ഥാനമായാണോ അറിയപ്പെടേണ്ടി വരുമോ എന്ന ഭീതി അസ്ഥാനത്തല്ല എന്നു തെളിയിക്കുന്നതാണ് കുറച്ചു കാലമായി നമ്മുടെ സാമൂഹ്യ മണ്ഡലത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍. ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്രിമിനല്‍ സംഭവങ്ങള്‍ വാര്‍ത്തകളായി മാത്രം അറിഞ്ഞ നമുക്ക് അതിന്റെ ചില മിനിയേച്ചര്‍ പതിപ്പുകള്‍ കാണേണ്ട ഗതികേടും വന്നിരിക്കുന്നു. ഈ ചങ്ങലയുടെ ഒടുവിലത്തെ കണ്ണിയാണ് സി ആര്‍ നീലകണ്ഠന്‍ സംഭവം. ആശയത്തെ ആശയം കൊണ്ടും പ്രവൃത്തിയെ സംശുദ്ധമായ പ്രവൃത്തി കൊണ്ടും എതിരിടുന്ന ആര്‍ജവത്തിന്റെ സംസ്‌കാരം കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ രംഗത്തു മാത്രമല്ല, സാംസ്‌കാരിക മേഖലയിലും ഈ അസഹിഷ്ണുതയുടെ അടയാളങ്ങള്‍ പതിയെപ്പതിയെ തെളിയുന്നത് ആശങ്കയോടെ കണ്ടു നില്‍ക്കേണ്ടി വരുന്ന ഗതികേടിലാണ് നാമിന്ന്. നമ്മുടെ ആശയങ്ങളും മറ്റൊരാളുടെ ആശയങ്ങളും, അവ തമ്മിലുള്ള സമവായം അല്ലെങ്കില്‍ ആരോഗ്യകരമായ വൈരുദ്ധ്യം എന്നിടത്ത് നമ്മുടെ ആശയവും അന്യന്റെ ആശയവും, അവ തമ്മിലുള്ള ഒരിക്കലും നികത്താനാകാത്ത അകലം എന്ന നില വരുന്നു. 
ജനാധിപത്യം എന്നത് ഒരു ഭരണ സംവിധാനം മാത്രമല്ല. ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിയേണ്ട ഒരു സംസ്‌കാരം കൂടിയാണ്. ഏറ്റവും സൂക്ഷ്മമായ മനുഷ്യ ബന്ധങ്ങളില്‍ പോലും പ്രതിഫലിക്കേണ്ട അത് ബ്രഹത്തായ മണ്ഡലങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ അസ്വസ്ഥതയുടെ വാര്‍ത്തകള്‍ക്ക് നാം ചെവി കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. സ്വയം അറിയാതെയെങ്കിലും നാം അതിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു എന്നിടത്താണ് ഈ ദുരന്തം പൂര്‍ത്തിയാകുന്നത്. ഒരു മാറിനടപ്പ് അസാധ്യമല്ല, അനിവാര്യം തന്നെയാണെന്നിരിക്കേ ആര്‍ക്കു വേണ്ടിയാണ് നാം ഈ സംഘര്‍ഷങ്ങളുടെ അഗ്നി ഭക്ഷിക്കുന്നത്‌.

No comments:

Post a Comment