Wednesday, June 16, 2010

Saikatham April 2010 Amukham




വായനയുടേയും എഴുത്തിന്റേയും ഒരു പുതു വസന്തമാണ്‌ ഇതെന്നു പറഞ്ഞാല്‍ വിയോജിപ്പിന്റെ സ്വരങ്ങള്‍ ഉയരുന്നത്‌ ഒരിടത്തു നിന്നു മാത്രമാകില്ല. ആശയക്കുഴപ്പങ്ങളുടേയും സൃഷ്ടിപരമായ സന്ദിഗ്‌ധതകളുടേയും ഇക്കാലത്ത്‌ ഗൃഹാതുരമായ ഒരു നഷ്ടബോധത്തില്‍ കാല്‍പനികമായി അഭിരമിക്കാനായിരിക്കും നമുക്കു താല്‍പര്യവും. ശരിയാണ്‌. രചനയില്‍ വലിയ മാറ്റങ്ങളുടെ, വലിയ വിസ്‌മയങ്ങളുടെ കാലം കഴിഞ്ഞിരിക്കാം. ആ വിസ്‌മയങ്ങള്‍ വായനയിലും പ്രകടമാകുന്നുണ്ടാകും. പക്ഷേ ചെറിയ വിപ്ലവങ്ങളെ, ആവിഷ്‌കാര മാധ്യമങ്ങളില്‍ വന്ന അഭൂതപൂര്‍വമായ വൈവിധ്യങ്ങളെ കാണാതിരിക്കാന്‍ നമുക്കാവില്ല. പൊതുസമൂഹത്തിന്റെ ജനാധിപത്യ സ്വഭാവത്തില്‍ എത്ര കുറവു വന്നാലും എഴുത്തിലും വായനയിലും ജനാധിപത്യ ബോധത്തിന്റെ പുത്തനുണര്‍വാണു ദൃശ്യമാകുന്നത്‌. സ്വന്തം രചന പ്രസിദ്ധീകരിച്ചു കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു തലമുറയിലെ അംഗങ്ങള്‍ക്ക്‌ പതിയെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. സാങ്കേതികതയുടെ ഏറ്റവും സൃഷ്ടിപരമായ ഒരു ധര്‍മ്മം ഒരുപക്ഷേ വായനയുടേയും എഴുത്തിന്റേയും പരിമിതമായ ലോകത്തെ വികസിപ്പിച്ചു, അതിന്‌ ആകാശത്തോളം വ്യാപ്‌തി നല്‍കി എന്നതായിരിക്കാം. സ്വന്തം രചന പ്രസിദ്ധീകരിക്കാന്‍ ആരുടെയെങ്കിലും ഇഷ്ടത്തേയും താല്‍പര്യങ്ങളേയും അമിതമായി ആശ്രയിക്കേണ്ട അവസ്ഥയില്‍ നിന്ന്‌ മനസ്സിലുള്ളത്‌ ലോകത്തിന്റെ ഏതു മൂലയിലും എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികത അവരുടെ ഭാവനയ്‌ക്കു സഞ്ചാരപാത നല്‍കിയിരിക്കുന്നു. വായനക്കാര്‍ക്കും അവര്‍ക്കു താല്‍പര്യമുള്ള സാഹിത്യം താല്‍പര്യമുള്ള സമയത്ത്‌, താല്‍പര്യമുള്ളത്ര തവണ വായിക്കാം. അവനവന്‍ പ്രസാധകന്‍ എന്ന പ്രവണതയുടെ ഗുണ-ദോഷങ്ങളെ കുറിച്ച്‌ എത്ര ചര്‍ച്ചകള്‍ നടന്നാലും മാറുന്ന കാലത്തിന്റെ മാധ്യമങ്ങള്‍ നല്‍കുന്ന സാധ്യത കാണാതിരിക്കാനാവില്ല തന്നെ. വൈവിധ്യമാര്‍ന്ന ചിന്തകള്‍, ഒന്നിനൊന്നു വ്യത്യസ്‌തമായ രചനാശൈലികള്‍... ഇതിനെല്ലാമുപരി നിര്‍ഭയമായ ആവിഷ്‌കാരം... സെന്‍സര്‍ഷിപ്പു കൊണ്ടു കടിഞ്ഞാണിടാന്‍ ഒരു കാലത്തും കഴിയാത്ത സൃഷ്ടിപരതയുടെ ഈ ആഘോഷത്തെ വസന്തം എന്നല്ലാതെ എന്താണു വിശേഷിപ്പിക്കുക. 


No comments:

Post a Comment